ഋഗ്_വേദ്

ചുട്ടു പഴുത്ത വേനലിന്റെ ചിറകിൽ ഒരു പക്ഷി മലർന്ന് വീണു പിടഞ്ഞു. നേരം പകലാണെങ്കിലും തിരിഞ്ഞു നോട്ടം ഒരു ആഞ്ഞ തുപ്പലിൽ ഒതുക്കി വഴികാലുകളും നോട്ടങ്ങളും. മഞ്ഞ കലർന്ന ചുവപ്പ്, അല്ല കറുപ്പ്, കണ്ണടച്ച് കാണുന്ന നിറത്തെ കുറിച്ച് ആണ്. മരിക്കും മുൻപ്, അതിന് കുറച്ച് നാൾ മുൻപ് മുതൽ മഞ്ഞ കലർന്ന ചുവപ്പ് പോലെ ആണ് കാഴ്ചകൾ. അച്ഛമ്മ പറഞ്ഞതാണ്. അച്ഛമ്മ മരിച്ചിട്ട് ഇന്നേക്ക് പതിനാല് ദിവസം ആയിരിക്കുന്നു. ചുവപ്പ് രക്തമാണ്. ചതിയുടെയും വഞ്ചനയുടെയും തള്ളികളയലുകളുടെയും മണമുള്ളത്. ജീവനേക്കാൾ വില ഒന്നിനുമില്ലെന്ന് കരുതി തുടങ്ങുന്നിടത്തു വെച്ച് ചുവപ്പ് കറുപ്പാകുന്നു. തന്നോടൊപ്പം മണ്ണിൽ അലിയേണ്ട രഹസ്യങ്ങളെ, ആഗ്രഹങ്ങളെ, അഹങ്കാരങ്ങളെ എല്ലാം പൊതിയുന്ന കറുപ്പ്. ശരീരം അവശേഷിപ്പിച്ച് ആത്‌മാവ്‌ യാത്ര ആരംഭിക്കുന്നത് ചില്ലകൾ മാത്രം അവശേഷിച്ച ഒറ്റയാൾ മരങ്ങളെ ആണ് ഓർമിപ്പിക്കുന്നത്. അവസാനം തിരഞ്ഞു ഒരിക്കലും ഒന്നിനെയും തേടാതിരിക്കുക. എന്റെ കഥയെയും. *********************************************************** ********************************************************** ************************************************************************************************************************************************** -------------------------------------------------------------------------------------------------------------------------------------------------- "തണലിടങ്ങളെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു വേദ." "ഹമ്മ്." "ഞാനെന്തൊരു ഷോഓഫ് ആണല്ലേ. വെറുതെ ബഹളമുണ്ടാക്കുന്നു എന്നൊരു തോന്നൽ. അർത്ഥമുണ്ടോ ഇതിനെല്ലാം?" "പറയണമെന്ന് തോന്നുന്നത് പറയണം സർ. കേൾക്കുന്നവർ കേൾക്കട്ടെ." "അങ്ങനെയല്ല വേദ. നിനക്കറിയാമോ ഒരുപക്ഷേ അങ്ങനെയൊരു വേദിയിലെന്റെ വാക്കുകൾ അപഹരിക്കപ്പെട്ടേക്കാം. ചിലപ്പോൾ അവയ്ക്ക് പ്രഹരമേറ്റുകൂടായ്കയുമില്ലല്ലോ? " "നമുക്കൊരിക്കലും നമ്മുടേതല്ലാത്ത കാതുകളെ നിർബന്ധിക്കാനാവില്ല സർ . നമ്മുടെതു പോലും പലപ്പോഴും അനുസരണകേട് കാണിക്കുന്നു. ഒന്ന് പറയട്ടെ. തന്റെ വാക്കുകളുടെ ഭാവിയെ ഭയന്ന് മൂകനായിരിക്കുകയാണെങ്കിൽ ഒരു മാറ്റവും ഉണ്ടാവില്ല. ആരും ഒന്നുമറിയാതെ ഇതുപോലെ തന്നെയൊഴുകും . ഒരുപക്ഷേ , തുടക്കത്തിലെ ചെറിയ വീഴ്ചകളെ താണ്ടി ഈ ശബ്ദമെവിടെയെങ്കിലും ഉയര്‍ന്നുകേട്ടാൽ? അതിനൊപ്പം ചെറുതെങ്കിലും നല്ല ഒരു മാറ്റം ഉണ്ടായാൽ! നമ്മളെല്ലാവരും മനുഷ്യരാണ് . സ്വന്തമായി കുറെ കോംപ്ളക്സുകളും ഈഗോയുമൊക്കെ ചുമന്നു നടക്കുന്നവർ. അതിനൊപ്പം എന്തെങ്കിലും എന്നെങ്കിലുമാവുമെന്ന് പ്രതീക്ഷിക്കുന്നവർ. ഇരുപതു ദശാബ്ദം കഴിഞ്ഞു പറയേണ്ടത് ഓർത്ത് ചിട്ടപെടുത്തുന്നവർ. ഇന്നിൽ ജീവിക്കുക എന്നതിനേക്കാൾ, ഉറപ്പില്ലാത്തഭൂതകാലമോർത്ത് ; അതിലെ അവഗണനകളെയും സങ്കടങ്ങളെയും അരിച്ചെടുത്ത് ഓർമപുസ്തകത്തിന്റെ ആദ്യപേജുകളിൽ അടുക്കിവെയ്ക്കുന്നവർ. ഇന്നത്തെ ഭക്ഷണം പോലും നാളെയ്ക്ക് വേണ്ടി നീക്കിനിർത്തുന്നവർ ." "അല്ലേ സർ? " "ശരിയാണ് വേദ." "സർ, ഒരുപക്ഷേ സാറിന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. മാറ്റങ്ങൾ ഉണ്ടാവാതിരുന്നേക്കാം. ഇത് ഒരു സാധ്യത മാത്രമാണ്. മറിച്ച് മറ്റൊരു സാധ്യതയുമുണ്ട്. കുറേയധികം സാധ്യതകളുണ്ട്. അങ്ങനെയിരിക്കെ ഒരു സാധ്യത മാത്രം ഭയന്ന് അങ്ങ് ഒഴിഞ്ഞുമാറിയാലോ? " "ഞാനിറങ്ങുന്നു. " തിരിച്ചൊന്നും പറഞ്ഞില്ല. അങ്ങനെ പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. ഋഷി മേനോൻ , നഗരത്തിലെ പ്രശസ്തമായ കോളേജിലെ ജീവശാസ്ത്ര അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ ; വേദ ; അദ്ധേഹത്തിന്റെ ആശയങ്ങളോടും ചിന്തകളോടും ഇഷ്ടം തോന്നുന്ന സഹപ്രവർത്തക, നല്ലൊരു സുഹൃത്ത്. പത്രത്തിലെ കാലാവസ്ഥ വ്യതിയാനങ്ങളും കെടുതികളും നടക്കാനിറങ്ങുന്ന വഴിയരികിലെ ദിനംപ്രതിയുള്ള മരങ്ങളുടെ കൊഴിഞ്ഞുപോക്കുമാണ് ഇങ്ങനെയൊരു സംഭാഷണത്തിനടിസ്ഥാനം . ചില വൈകുന്നേരങ്ങളിലിവർ ഇങ്ങനെയാണ്. മുഖവുരയേതുമില്ലാതെ തുടങ്ങുന്ന വർത്തമാനങ്ങളിൽ വായ്ച്ച പുസ്തകവും മനം മയക്കുന്ന ഭക്ഷണരുചിയും കാറ്റും മഴയും മണ്ണും മനുഷ്യനുമൊക്കെ ചർച്ചാ വിഷയമാവാറുണ്ട്. അവിവാഹിതരാണ് രണ്ടുപേരും. അതുകൊണ്ട് തന്നെ ചുറ്റുമുയരുന്ന ശബ്ദകോലാഹലങ്ങൾ ഏറെയാണ്. തങ്ങളെ പറ്റിയാണ് സംസാരമെന്നറിയാമെങ്കിലും ചെവികൊടുക്കാതിരിക്കുന്നതാണ് അവർ രണ്ടും . ഒരിക്കൽ പോലും തങ്ങളങ്ങനെ ചിന്തിച്ചിട്ടില്ല എന്നതാണ് വാസ്തവം.
അവളൊരു പുഴയായിരുന്നു. വിശാലമായൊരു പുഴ. സ്നേഹം കവിഞ്ഞൊഴുകി മറ്റാരുമറിയാതെ വരണ്ട ഒരു പുഴ. കടലിനേക്കാൾ ഉറക്കെ ഇരമ്പലുകൾ നിറഞ്ഞൊരിടം
ആരും കാണാതെ സൂക്ഷിച്ചിരിക്കുന്നതാണ്! പഴയ ഡയറിക്കൾക്കുള്ളിലായ്. തനിക്ക് വേദ തരുന്നത് വെറുമൊരു സൗഹൃദമല്ല എന്ന് മേനോന് നല്ലതുപോലെയറിയാം. താൻ തന്നോട് തന്നെ പലപ്പോഴായി ചോദിച്ചിട്ടുണ്ട് തനിക്ക് ആരാണിവൾ? ചിലപ്പോളൊരു മകൾ; ചിലപ്പോൾ അമ്മ, മറ്റുചിലപ്പോൾ ബുദ്ധിമതിയായൊരു ഉപദേഷ്ടാവ്. ഏതു ദിവസമാണ് കൂട്ടുകൂടി തുടങ്ങിയതെന്ന് ഓർമയില്ല. അല്ലെങ്കിലും അത്രമേൽ ചേർന്നു നിൽക്കുന്ന ആരൊക്കെയോ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന മുഹൂർത്തങ്ങളെ ഓർത്തെടുക്കാൻ വല്യ പാടാണ്. പകുതിയാക്കിയ പ്രഭാഷണം എഴുതി പൂർത്തിയാക്കണം. അവൾ പറഞ്ഞതിലും കാര്യമുണ്ട്. ആലോചനകൾക്കൊടുവിൽ പുറകിലെ റിവോൾവിങ്ങ് ചെയറിലേയ്ക്കമർന്നു മേനോൻ. കാപ്പി കുടിച്ചാലോ എന്ന ചിന്ത കൂടാതെയില്ല . പുതിയ തമിഴത്തി പെണ്ണ് നല്ലതുപോലെ കാപ്പി ഉണ്ടാക്കും. "സെൽവീ..... ഒരു കോഫി" "ദോ വരേ....." അപ്പുറത്ത് നിന്ന് അവളുടെ ശബ്ദം ഉറക്കെ മുഴങ്ങുന്നത് കേട്ടു. എഴുതാൻ പേന തിരഞ്ഞപ്പോഴാണ് മേശപ്പുറത്തെ തുറക്കാത്ത പോസ്റ്റൽ കവർ ശ്രദ്ധയിൽപെട്ടത്. ഫ്രം അഡ്രസ്സ് ഇല്ലാതെയോ? ആരായിരിക്കും? മെയിലും ഫോണും ഒക്കെ വന്നതോടുകൂടി കത്തുകളൊന്നും തന്നെ തേടി വരാറില്ലല്ലോ എന്നോർത്ത് അയാൾ നിശ്വസിച്ചു. അവസാനത്തെ കത്ത് നക്ഷത്രയുടെതായിരുന്നു. മനപൂർവ്വം പോകാൻ മടിച്ചൊരു പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ക്ഷണിച്ചുകൊണ്ട്. കത്തുകൾക്കൊരു പ്രത്യേക സുഖമാണ്. അതൊന്നും ഈ മെസ്സേജിന് തരാൻ കഴിയില്ല. "സർ കോഫി" സെൽവിയാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്. "അവിടെ വെച്ചോളൂ" കാപ്പി വെച്ചിട്ടും അവിടെ തന്നെ നിൽക്കുന്ന സെൽവിയോട് കാര്യമെന്തെന്ന് തിരയാൻ തലയുയർത്തി നോക്കവേ കുറച്ച് നാണത്തോടെ അവൾ പറഞ്ഞു. നാളെയ്ക്ക് മാമ വരുവേൻ. നാൻ നാളെ കൊഞ്ചം ലീവ് എടുക്കട്ടുമാ? അതിനെന്താ ആവാലോ! ഇനി രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി. തെളിഞ്ഞ ഒരു ചിരിയോടെ അവൾ തിരിച്ചു നടന്നു. അവളുടേത് ഒരു ചെറിയ കുടുംബമാണ്. ഭർത്താവും രണ്ട് കുഞ്ഞുങ്ങളും . പതിനേഴാം വയസിൽ തോന്നിയ പ്രണയം .. രജനികാന്തിനെ പോലെ മുടിയുള്ള ഒരു ലോറിക്കാരനൊപ്പം സൂര്യകാന്തിയുടെ ഇടയിൽ നിന്ന് മുംബൈയുടെ ഇരുട്ടിലേയ്ക്ക്. മധുവിധുവിന്റെ സുഖമൊന്നടങ്ങിയപ്പോഴേയ്ക്കും അടുത്തയിടം തേടി അയാളുടെ ലോറി പാഞ്ഞുപോയിരുന്നു. ഒരുറക്കം കഴിഞ്ഞ് കണ്ണുതുറക്കുമ്പോളവൾക്കുചുറ്റും തലേന്ന് രാത്രിയിലെ അവശേഷിപ്പുകളും കൈയ്യിലെടുത്തിരുന്ന കുറച്ചു പഴന്തുണികളും അതിനിടയിൽ തിരുകി വെച്ച കുറച്ചു നോട്ടുകളും മാത്രം. എല്ലാം പൊതിഞ്ഞെടുത്ത് ആ മുറിയുടെ പുറത്തേയക്കന്നാദ്യമായ് ഇറങ്ങുമ്പോഴാണ് ആൾക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടൽ താൻ ആദ്യമായി അറിയുന്നതെന്നവൾ പറഞ്ഞതിന്നും ഓർക്കുന്നു. ഭാഷയറിയാതെ, ദിശയറിയാതെ , ഏതോ ഒരു മരചുവട്ടിൽ രണ്ട് രാത്രി തള്ളിനീക്കിയതിന്റെ ഭീതി ഇന്നും ആ കഥ പറയുമ്പോൾ അവളിൽ തെളിഞ്ഞു കണ്ടിട്ടുണ്ട്. വിശപ്പ് സഹിക്കാനാവാതെ ചൂണ്ടികാണിച്ച് കഴിച്ച ഭക്ഷണങ്ങളും അനുഭവങ്ങളും. അതൊക്കെ ഇപ്പോൾ പറയുമ്പോഴും അവൾ കരയാറുണ്ട്. പലതുമോർത്ത് മയങ്ങിപോയിരുന്നു. ഒരു കാട് . തലയും ഉടലുമൊക്കെ നഷ്ടമായ കുറെ മരങ്ങൾക്കിടയിലൂടെ ഒരാള്‍ നടക്കുന്നു . ആ വഴി നിറയെ ചീഞ്ഞുതുടങ്ങിയ കുറേ ശവശരീരങ്ങൾ. കണ്ണുന്തി, രക്തമൊഴുകി.... തലങ്ങും വിലങ്ങുമായ് അങ്ങനെ. ഒരു വെളുത്തമുഖം മാത്രം ശാന്തമായി കാണപ്പെട്ടു. തലയറ്റ ശരീരത്തിനിപ്പുറം ആ ചുണ്ടിലൊരു ചിരി മായാതെ നിൽക്കുന്നു. ചോര ഒഴുകേണ്ട കഴുത്തിലൂടെ അതിനുപകരം രൂപമറിയാത്ത എന്തോ ഒന്ന് പുറത്തേയ്ക്ക് വരാൻ ശ്രമിക്കുന്നുണ്ട്. പറയാൻ കഴിയാതെ കുരുങ്ങികിടക്കുന്ന വാക്കുകളെപോലെ. ഞെട്ടി എഴുന്നേറ്റു. കഴുത്തിലെ രുദ്രാക്ഷമൊന്ന് തടവി ദീർഘശ്വാസം എടുത്തു വിട്ടു. ഫ്ലാറ്റിലെ സന്ധ്യക്ക് ഇന്ന് തണുപ്പിന്റെ കൂട്ടുണ്ട്. വീടണയാനോടുന്ന കിളികൂട്ടം ബഹളമുണ്ടാക്കി കടന്നുപോയ്. ആകാശത്തിന്റെ അറ്റത്ത് ചുവപ്പുകലർന്ന മഞ്ഞയിൽ കുരുങ്ങി ഒരു പകല് കൂടി ആത്മഹത്യ ചെയ്യുന്നു. ഇന്നീ പകലിലെത്ര മരണങ്ങൾ നടന്നിട്ടുണ്ടാവും? ജനനങ്ങളോ? ഏതായിരിക്കും കൂടുതൽ. ജനനമോ മരണമോ? അത്രയും തന്നെ സന്തോഷങ്ങളും സങ്കടങ്ങളും. അല്ല അതിനേക്കാളേറെ.... "എല്ലാ ജനനങ്ങളും സന്തോഷമല്ല മോനേ.... അതുപോലെ തന്നെ മരണവും എല്ലാമൊന്നും ദുഃഖമല്ല. " അമ്മ പറഞ്ഞതോർക്കുന്നു. ആയുസിന്റെ കണക്കിലെവിടെയെങ്കിലും ഒരുവന്റെ സന്തോഷങ്ങളും സങ്കടങ്ങളും രേഖപ്പെടുത്തുന്നുണ്ടാകുമോ? ചിലര്‍ക്ക് ചിരിക്കാൻ കാരണങ്ങളൊന്നുമില്ല. നിറയെ നക്ഷത്രങ്ങളുള്ള ആകാശം കാണുമ്പോൾ ചിരിക്കുന്നവരെ താനെത്ര കണ്ടിരിക്കുന്നു. മുറിവിൽ ഇത്തിരി മരുന്നുപൊടി ഇട്ടാലും മതി. നഷ്ടങ്ങളിലും ചിരിക്കുന്നവരെ കണ്ടിട്ടുണ്ട്. അത്രമേൽ ഹൃദയമാഹ്ലാദിക്കുന്നത് കണ്ണുനീരായും പുറത്തുവരുന്നത് കണ്ടിരിക്കുന്നു. ചില പകലുകളിലൊരു കട്ടിലിനറ്റത്ത് കണ്ണീരൊലിപ്പിച്ച് കാരണമറിയാതെ സങ്കടപ്പെടുന്നവരെയും അറിയാം. ജീവിതമെന്തൊരത്ഭുതമാണ്. ഓരോ മനുഷ്യനുമോരോ വിഷയങ്ങൾ പോലെയാണ്. ശാസ്ത്രവും ഗണിതവുമൊക്കെപോലെ. ചില വിഷയങ്ങളോട് നമുക്ക് പ്രത്യേക താല്പര്യം ഒക്കെ തോന്നും. അറിയുംതോറും ഇത്രയൊന്നുമല്ല എന്ന് തോന്നിച്ച് നിലയില്ലാത്ത ആഴത്തിലേയ്ക്ക് വിരൽ ചൂണ്ടികാണിക്കും. ചുരുക്കം ചിലർ മാത്രം ആ ഗർത്തത്തിലേയ്ക്കാഴ്ന്നിറങ്ങും. മറ്റുചിലർ വക്കത്ത് നിന്ന് എത്തിനോക്കും. കുറച്ച്പേർ ചുരുക്കം വിഷയങ്ങളെയറിയും. മറ്റുചിലർ ഒരുപാട് വിഷയങ്ങളെ അറിയും. നിഗൂഢമായ ഏതൊക്കെയോ തിയറികൾ കടന്ന് ഓരോന്നിന്റെയും ആത്മാവോളമറിയാനാർക്കെങ്കിലും കഴിഞ്ഞുട്ടെണ്ടെങ്കിൽ....... ഉറപ്പുണ്ട്. അങ്ങനെ ഒരാളുണ്ടെങ്കിൽ അയാളെ ലോകമറിയാൻ വഴിയില്ല. താനിതെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്. നന്നേ ഇരുട്ടിയിരിക്കുന്നു. ഭക്ഷണം മേശപ്പുറത്ത് മൂടി വെച്ചിട്ടുണ്ട്. വാതിൽ അടഞ്ഞു കിടക്കുന്നു. അവരൊരു പക്ഷേ കുറെ തവണ വിളിച്ചിട്ടുണ്ടാവണം. വിശപ്പില്ല. സമയം ഒച്ചുപോലെയാണ് നീങ്ങുന്നത്. ഉറുമ്പുകൾ എന്നുതൊട്ടാണ് ഒറ്റയമർത്തലിന് മരിക്കാതെയായത്? ചുമര് ചുമന്ന പല്ലികൾ വാലുമുറിച്ച് പിടഞ്ഞുമറിയുന്നത് കാണാൻ അവരെ തൊടാൻ നടന്ന ഒരു ഏഴുവയസുകാരനെ ഓർമവരുന്നു. ഓരോ ദിവസവും എത്രപെട്ടെന്നാണ് ഓർമയുടെ കണക്കുപുസ്തകത്തിൽ പങ്കുകാരാവുന്നത് . വാരാണസി ഒരു സ്വപ്നമാണ്. കഴിഞ്ഞ എത്രയോ വർഷങ്ങളായ് മൂടിപുതച്ചിരിക്കുന്ന ഒന്ന്. മരവും മണ്ണും ജലവും ജനനവും മരണവും ഒരു ചരടിൽ കോർത്ത് ചിന്തിക്കാൻ ഇതിനോളം മറ്റേത് സ്ഥലമാണ് അഭികാമ്യം. അവസാനമായ് വാരാണസി അനക്കം വെച്ചത് അവളെ തേടി പോയപ്പോഴാണ്. മൂന്നുവർഷം നീണ്ടു നിന്ന പ്രണയത്തിനുടമയെന്ന് അവകാശപ്പെട്ട് പോക്കറ്റിലൊതുക്കിയ താലിചരടിനൊപ്പം അവളുടെ വീട്ടുമുറ്റത്തെത്തിയ ഒരു പകലിൽ. ആട്ടിയകറ്റിയിട്ടും വീറോടെ താൻ പുലമ്പി അവൾ എന്റെ പെണ്ണാണ് എന്ന്. എനിക്ക് വേണ്ടി തിളങ്ങുന്ന ചുവന്ന മൂക്കുത്തി വാതിലിനപ്പുറം തിരിഞ്ഞുനടക്കുന്നതറിഞ്ഞു. ഹൃദയം പൊട്ടിയവനെപോലെ ഒരുപാട് കരഞ്ഞു. ബഹളം വെച്ചു. ആരൊക്കെയോ ചേര്‍ന്ന് തള്ളിയും തല്ലിയും അകറ്റാൻ ശ്രമിച്ചു. ഒരു നോട്ടമെങ്കിലും, അത്രയെങ്കിലും പ്രതീക്ഷിച്ച് ഞാനിടയ്ക്കിടെ വാതിൽക്കലേയ്ക്കും ജനലരികിലേയ്ക്കും ദൃഷ്ടി പായിച്ചു. ചോരയിറ്റുന്ന മുറിവുകളേക്കാൾ അന്നെന്നെ വേദനിപ്പിച്ചത് അവളുടെ മൗനമായിരുന്നു. തലേന്ന് താൻ രുചിച്ച ആ ചുണ്ടുകളിൽ പ്രണയം മധുരിച്ചിരുന്നു. അപ്പോൾ ഒരു രാത്രിയിൽ ഒലിച്ചുപോയിരുന്നോ അവളുടെ സ്നേഹം? അവളെന്നെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ? അതോ? ഇന്നും ഉത്തരം മനസിലാവുന്നില്ല. തന്നോളം തന്റെ ഭംഗി കണ്ടെത്താൻ ശ്രമിക്കുന്ന മറ്റാരെങ്കിലുമുണ്ടാവുമോ? എന്നത്തേയും പോലെ താനിന്നും ഉറങ്ങാൻ കിടക്കേണ്ടത് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക്കൊപ്പമാണെന്ന തിരിച്ചറിവ് ഇടയ്ക്കിടെ ചുമയായ് അസ്വസ്ഥത കാണിക്കുന്നുണ്ടെന്ന് തോന്നി. ഇടയ്ക്കിടെ മിന്നി താനിവിടെയുണ്ടെന്നറിയിക്കുന്ന ഫോണിനെ കഴിച്ചുകഴിഞ്ഞാണ് കാണുന്നത്. പാവം എന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരുപാട് നേരമായി ശ്രമിച്ചിരിക്കുന്നു. കുറച്ച് കോളുകളുണ്ട്. മെസ്സേജുകളും. വേദയാണ്. പതിവ് തന്നെ. നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. പതിവ് പോലെ വിശേഷണങ്ങളോ സംബോധനകളോ ഇല്ലാതെ തുടങ്ങി, "വല്ലാത്ത തരം മടുപ്പ് തോന്നുന്നു മാഷേ... ചുറ്റിലും തിരക്കും മൂളലുകളും. ഒന്ന് സമാധാനമായ് മഴ നനഞ്ഞത് എന്നാണെന്ന് പോലും മറന്ന് തുടങ്ങിയിരിക്കുന്നു. മാഷേ മാഷ് കേൾക്കണിണ്ടോ? " ഉണ്ട് വേദേ. നമുക്ക് വാരണാസി വരെ ഒന്നു പോയാലോ? "ഞാൻ പറയാൻ തുടങ്ങുവാരുന്നു നമുക്ക്‌ എവിടെയെങ്കിലും പോയാലോ എന്ന് " നാളെയെന്നാൽ ലീവിനെഴുതാം. നീക്കിവെച്ചാൽ വീണ്ടുമങ്ങ് നീണ്ടുപോകും പോക്ക്. തുടർന്ന് പോയ സംഭാഷണത്തിന്റെ അറ്റത്ത് നിശബ്ദത പടരാൻ തുടങ്ങുമ്പോഴേയ്ക്കും ഋഷിയും ഉറങ്ങാനാഞ്ഞിരുന്നു. ഏതൊക്കെയോ സ്വപ്നങ്ങളെ വീണ്ടുമൊരുറക്കത്തിന് ബാക്കിവെച്ച് കണ്ണു വലിച്ചു തുറന്നു. രാവിലെ യോഗ ചെയ്യണമെന്ന് പറഞ്ഞത് അടുത്ത ഫ്ലാറ്റിലെ അജിത്ത് ആണ്. ഒരു യോഗ ട്യൂട്ടർ. ചെയ്യുന്നതിന് ഉപകാരമില്ലെന്ന് പറയാൻ വയ്യ. എന്തോ ഒരു പോസിറ്റീവ് എനർജിയൊക്കെയുണ്ട്. കോളേജിലേയ്ക്കിറങ്ങാനൊരുമ്പോഴാണ് മേശപ്പുറത്തെ കത്ത് എന്നെ നോക്കി വീണ്ടും ഇളിച്ച് കാണിച്ചത്. വൈകീട്ട് പരിഗണിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച് വാതിൽ പൂട്ടിയിറങ്ങി. രണ്ടാഴ്ചയിലേയ്ക്ക് കോളേജിൽ നിന്ന് അവധിയെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോളാണ് വേദ മുന്നിലെത്തിയത്. കിതപ്പൊതുക്കി അയാളെ തന്നെ അവളുറ്റു നോക്കി. "രണ്ടു നിമിഷം നിൽക്കുവോ ഒരുമിച്ച് ഇറങ്ങാം " നിൽക്കാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. വെറുതെ ചിരിച്ചു. അവളകത്തേയ്ക്ക് പോയി ബാഗുമായി വരുന്നതുവരെ താനേതോ ലോകത്തായിരുന്നെന്ന് ആ തട്ടിവിളിയിലാണ് അറിഞ്ഞത്. മാഷേ... മാഷെന്താ വല്ലാതെ. വേറെ ഏതോ ലോകത്തിരിക്കുന്നത് പോലെ ഉണ്ട്. നമുക്കൊരു കാപ്പി കുടിക്കാം? ആവാം. കാപ്പി കുടിക്കുമ്പോളൊക്കെയും പതിവില്ലാതെ എന്റെ മൗനം അവളിൽ പ്രതിഫലിക്കുന്നുവെന്ന് തോന്നി. വൈകിട്ട് അഞ്ചിന് ആണ് ഫ്ലൈറ്റ്. അധികം വൈകിക്കരുത്. ഞാൻ വണ്ടി അയക്കാം. കോഫി കുടിച്ച് തിരിയാൻ നേരം ഒരു ഓർമപെടുത്തലുപോലെ പറഞ്ഞു. വേണ്ട മാഷേ . വണ്ടി അയക്കണ്ട . ഞാനെത്തിക്കോളാം . ഒരു പുഞ്ചിരി മടക്കി നൽകി തിരികെ മുറിയിലെത്തി. ഫോണിൽ നോക്കി ടിക്കറ്റെല്ലാം ഉറപ്പുവരുത്തി. പാക്കിങ് ഒക്കെ എളുപ്പമാണ് . സെൽവിയോട് വരണ്ട എന്ന് വിളിച്ചുപറയാൻ നേരത്താണ് വീണ്ടും ആ കത്ത് വിരലിനെ മുട്ടിയത്. അതും ബാഗിലേയ്ക്കിട്ട് ഒന്നൂടെ എല്ലാം ഉറപ്പുവരുത്തി. എത്രയോ മണിക്കൂറുകൾക്കിപ്പുറം ഗംഗയുടെ കർപ്പൂരം മണക്കുന്ന മടിത്തട്ടിലെ സന്ധ്യയറിയുന്നു. മാഷിന് എന്താണ് ഇവിടേയ്ക്ക് വരാനുള്ള ഇൻസ്പിരേഷൻ? യാത്രാക്ഷീണമൊന്നും തന്നെ ഏശുകയില്ല എന്ന മട്ടിൽ വീണ്ടും ആ ചോദ്യപ്പെട്ടി തുറന്നിട്ടു വേദ. " വേദ നെഹ്റു പറഞ്ഞത് കേട്ടിട്ടില്ലേ? നെഹ്രുവിന്റെ Glimpses of world history വായിച്ചപ്പോഴാണ്.. അതിൽ അദ്ധേഹം ഇങ്ങനെ എഴുതിയിരുന്നു. "" കാശിയിലേക്ക് പോയി അവളുടെ ചരിത്രഗാഥകളിലേക്ക് ചെവിയോർക്കുക... വാർധക്യമേറിയതും, ദുർഗന്ധമുള്ളതും അഴുക്കുപുരണ്ടതും എന്നാൽ ജീവനുള്ളതുമായ കാലങ്ങളുടെ ബലമാണ് ബനാറസ്... അവളുടെ കണ്ണുകളിൽ നിന്ന് ഇന്ത്യയുടെ ചരിത്രം കാണുക, അവളുടെ ജലമർമരത്തിൽ കഴിഞ്ഞു പോയ കാലത്തിന്റെ ശബ്ദം കേൾക്കുക.. " ഇത് വായിച്ചാൽ ആർക്കാണ് ബനാറസിൽ പോകാതിരിക്കാനാവുക..... ആദ്യമൊന്നും കാശിയും വാരണാസിയും ബനാറസും ഒന്നാണെന്ന് എനിക്ക് അറിയില്ലാരുന്നു. താൻ പറഞ്ഞതത്രയും ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകം പൂണ്ട് കേട്ടുകൊണ്ടിരുന്ന വേദയോട് ഞാനതേ ചോദ്യം തിരിച്ചുചോദിച്ചു. വാരണാസി എന്ന് പറഞ്ഞപ്പോഴേയ്ക്കും ചാടി പോന്നത് എന്തിനാ? അതോ..! അത് ... വെറുതേ. എന്തോ നോവുകളുടെ ഭാരം ആ കണ്ണിൽ പിടയുന്നത് പോലെ തോന്നി. ഗംഗയും അവളുടെ ഓളങ്ങളും അതിനെ ആശ്വസിപ്പിക്കുന്നുണ്ടെന്ന് കരുതി ഞാനും നിശബ്ദനായ്. ഗംഗാപൂജയുടെ സമയമാവുന്നു. ഈ സമയത്താണ് ഗംഗ ഏറ്റവും സുന്ദരിയാവുന്നത്. നിറയെ വിളക്കും മന്ത്രങ്ങളും. എൺപത്തിയെട്ടോളം ഘട്ടുകളുണ്ട് ഗംഗാതീരത്ത്. ഹരിശ്ചന്ദ്ര ഘട്ടിലും മണികർണികയിലും മാത്രമാണ് ശവദാഹം നടക്കുന്നത്. കൺനിറയെ ദീപമൊഴുകുന്ന ഗംഗ ഒരു പ്രത്യേക അനുഭൂതിയാണ്. ദിവസങ്ങൾ കടന്നുപോകുന്നത് അറിയുന്നില്ല. ഗംഗയും കോവിലും ആ തെരുവുകളും........ ഇനിയുമൊരു മനുഷ്യജന്മം ഇല്ലെന്നുറച്ച് മരിക്കാൻ കാത്തുകിടക്കുന്നവർ, മരിച്ചുകഴിഞ്ഞ് മോക്ഷമുറപ്പിക്കാൻ അഗ്നിയ്ക്ക് ഊഴം കാത്തുകിടക്കുന്നവർ, വസ്ത്രം, പാർപ്പിടം, ആഹാരം; ഇത് മൂന്നും അലങ്കാരമെന്ന് പറയാതെ പറയുന്ന ജീവിതങ്ങൾ. സ്വയം കണ്ടെത്തി തിരുത്തേണ്ട പലതിനേയും കാണിച്ചു തരുന്നു ഇവിടം. വാരണാസിയുടെ തെരുവ് വഴികളും ഗംഗയും അമ്പലങ്ങളും രുചിയും. ഇതിനിടയിൽ ഒരു കൈയ്യകലെ ഞങ്ങൾ അത്രമേൽ ആസ്വദിക്കാനാവുന്ന ഒരു ഏകാന്തത കണ്ടുപിടിക്കുകയുണ്ടായി. പരസ്പരമതിന് മുറിവേൽപ്പിക്കാതെ കാശിയെ തങ്ങളിലേയ്ക്ക് ആവാഹിച്ചുകൊണ്ടിരുന്നു. പലരും പ്രായമായ് മോക്ഷപ്രാപ്തിയ്ക്ക് വരേണ്ട സ്ഥലമായാണ് കാശിയെ നോക്കികാണുന്നത്. അതിനപ്പുറം കാശി ഒരു പ്രചോദനമാണ്. പാഠപുസ്തകമാണ്. യുവത്വം ആസ്വദിക്കേണ്ടതുകൂടിയാണ്. ആ ദിവസങ്ങളിൽ ഉറക്കം വരാതെ കിടന്ന രാത്രിയിലൊന്നിലാണ് ജനലരികിലെ നിഴലനക്കത്തിന് വേദയുടേതുമായ് സാദൃശ്യം തോന്നിയത്. വെറുതെ അടുത്ത് ചെന്ന് നിന്നു. അതറിഞ്ഞതെന്നോണം അടഞ്ഞ ശബ്ദത്തിലവൾ പറഞ്ഞു. എനിക്കിപ്പോൾ തോന്നുന്നു. നമ്മുടെയൊക്കെ മനസും ഈ ഗംഗയെപോലെയാണ്. ചിലപ്പോൾ ആർത്തലച്ച് പെയ്യുന്ന മഴയോടൊപ്പം കുലംകുത്തിയൊഴുകി, ചിലനേരം അനക്കമറിയാത്തത്രയും ശാന്തമായ്, ആരൊക്കെയോ വലിച്ചെറിഞ്ഞ ഓർമകുറിപ്പുകളും പാഴ് വസ്തുക്കളും ചുമന്ന്..., അത്രമേൽ നിഷ്കളങ്കമായൊരു ചിരിപതക്കമണിഞ്ഞ പൂജാസന്ധ്യപോലെ ഏതൊക്കെയോ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർ തരുന്ന സന്തോഷകഷ്ണങ്ങളിൽ സുന്ദരിയായ് മരണമെന്നൊരു കടലിനപ്പുറം വിശാലമായ മറ്റെന്തോ തേടിപറന്ന്. അതിന് സ്വപ്നമെന്ന് പേരിട്ട്, സ്വർഗമെന്ന് വിശേഷിപ്പിച്ച്...... മ്മ്മ്.... രാത്രിയുടെ മൂളലുപോലെയൊന്ന്. അതിനപ്പുറം മറ്റൊരു വാക്കും നാവിനുപുറത്തേയ്ക്ക് വന്നില്ല ഋഷിയ്ക്ക്. വീണ്ടും ഇരുട്ടിലേയ്ക്ക് കണ്ണുകളെ പറഞ്ഞുവിട്ട് അവൾ പറഞ്ഞു. എന്നെ പ്രണയിച്ചവരൊക്കെയും ബനാറസിതെരുവുകളിലെ നഗ്നരായ ഭ്രാന്ത് മുദ്ര കുത്തിയേക്കാവുന്ന മനുഷ്യരെ പോലെയുള്ളവരായിരുന്നു. ജീവിതമെന്ന സമസ്യ പൂരിപ്പിക്കാൻ പ്രണയം തിരഞ്ഞ് വന്നവർ. ഒടുവിൽ എന്നിൽ അവരുടെ ശരീരമൂരികളഞ്ഞ് ആത്മാവ് കണ്ടെത്തിയവർ. മരണം തീണ്ടിയ മനുഷ്യന്റെ അവസാനനിമിഷത്തിലെ ചുംബനം അറിഞ്ഞിട്ടുണ്ടോ മാഷ്? നനുത്ത ചൂടുകലർന്ന ഉമിനീരും അനക്കവും തണുപ്പ്തട്ടുന്ന സമയം. ചേർത്തു പിടിച്ച കൈകളൂർന്ന് തൂങ്ങി ഭാരം പേറും. ശ്വാസം കുറുകി കുഴഞ്ഞുവീഴും . അന്നേരം ഒരു കാറ്റ് വീശും. വളരെ നിശബ്ദമായ് ഒരു തണുപ്പെന്നെ മൂടും. ഏതോ ഒരു നോവിന്റെ നീരുറവ ഹൃദയത്തിലെവിടെയോ മുളപൊട്ടുമെന്ന് തോന്നുന്ന നിമിഷം; ഗാഢമായൊരു ചുംബനത്തോളം രോമകൂപങ്ങൾ തലയുയർത്തും. അയാൾ അവളെ ഒന്ന് നോക്കി. സ്‌മൃതിയുടെ താഴ്വാരങ്ങളിലെ ഏതോ വിശുദ്ധമായ ഒരു സ്വപ്നങ്ങളിലെന്ന യക്ഷിയെ അനുസ്മരിപ്പിച്ചു അവൾ. ആ രാത്രിയുടെ ഭംഗി മൊത്തം അവളിലേക്ക് ഒതുങ്ങി നിൽക്കുന്നതായി അയാൾക്ക് തോന്നി. അവളും ഒരു ഗംഗ ആയിരിക്കണം . തന്നിലിനിയും ആരൊക്കെയോ വലിച്ചെറിയാൻ മാലിന്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടും തോറ്റുമടങ്ങാതെ മുന്നോട്ട് ഒഴുകുന്നവൾ . സന്ധ്യയിലെ പൂജ സമയം ആദരിക്കപ്പെട്ട് , മറ്റൊരു സമയം അതെ കൈകളെകൊണ്ട് തന്നെ ശരീരത്തിൽ നോവ്‌ പേറുന്നവൾ. ഇനിയും വരാനുള്ള സന്ധ്യകളിൽ മാത്രം ജീവിക്കാൻ ഇഷ്ടപെട്ട് സൂര്യചക്രം ഒഴുകി അലയുന്നവൾ . ഏതൊക്കെയോ ആത്മാക്കളെ തന്നിൽ അലിയിച്ചവൾ. തികച്ചും നിസ്സംഗമായെന്നവണ്ണം അവൾ തുടർന്നു. ഏതൊക്കെയോ നിമിഷങ്ങളിൽ എനിക്ക് നിങ്ങളോട് പ്രണയം തോന്നിയിട്ടുണ്ട്. ഓർത്തെടുത്തു പറയാൻ കഴിയാത്ത ഏതൊക്കെയോ നിമിഷങ്ങളിൽ . എത്ര നാളെന്ന് ആയുസ് ഉറപ്പില്ലാത്ത അങ്ങനെ ഒരു തോന്നലിന് ഒരുപക്ഷെ നമ്മുടെ സൗഹൃദം നശിപ്പിക്കാൻ ശക്തി ഉണ്ടാവുമോ എന്ന സംശയം , മാഷിന് ചിലപ്പോ മനസിലാവില്ല. പ്രണയത്തേക്കാൾ ലഹരിയാണ് , മധുരമാണ് മനസുതൊടുന്നൊരു കൂട്ടിന് . മുൻപ് പറഞ്ഞതിൽ കൊഴിഞ്ഞുവീണ പ്രണയങ്ങളിൽ പലതും ഒരുകാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സൗഹൃദങ്ങളിൽ ചിലത് ആയിരുന്നു. മറുപടി മൗനത്തിന്റെ മുഖംമൂടി അണിഞ്ഞതിനാൽ ആവണം അവൾ ഒരു നിമിഷത്തിനപ്പുറം വീണ്ടും പറഞ്ഞു തുടങ്ങി. എന്റെ അമ്മ വളരെ സുന്ദരിയായിരുന്നു. പുറമേ കുറെ ദേഷ്യം അഭിനയിച്ച് ഒട്ടും മനക്കട്ടി ഇല്ലാത്തൊരു ഭാവം. അച്ഛനോടുള്ള അമ്മയുടെ പ്രണയം അമ്മയെക്കാൾ സുന്ദരമായിരുന്നു. അച്ഛനപ്പുറം അമ്മയെന്തെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അത് മരണം ആയിരിക്കും എന്ന് ഉറപ്പാണ്. ആ പ്രണയത്തിന്റെ വിലയെന്നവണ്ണം അമ്മ പകരം വെച്ചത് ഇടയ്ക്ക് എങ്കിലും സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും ഒക്കെ ആണ്. ഒട്ടും കളങ്കമില്ലാതെ പകർന്നു നൽകിയ പ്രണയം പോലും കൂടെ ആയിരിക്കുന്നതിന് പ്രതിഫലം ചോദിക്കുന്ന വിധം. ചുവന്നിരിക്കുന്ന സിന്ദൂരരേഖയിലെ അവസാനചുംബനത്തിൽ അച്ഛന്റെ കണ്ണ് ആ നിറം ഏറ്റുവാങ്ങിയത് പോലെ തോന്നി. ഈ ലോകത്തിൽ ഒന്നും സൗജന്യമല്ല എന്ന് മനസിലാക്കി തുടങ്ങിയത് അവിടെ നിന്നാണ്. കാലം പഠിപ്പിക്കുന്ന അനുഭവസമ്പത്തിന് പകരം കൊടുക്കേണ്ട വേദനകളുടെ അട്ടഹാസം, മുനയൊടിഞ്ഞ കാരമുള്ളിന്റെ അറ്റം കാലിൽ തഴുകുന്ന വിധം. സ്വയം ആഗ്രഹിക്കാഞ്ഞിട്ടുക്കൂടി ജനനം ഈ ശരീരത്തിനോട്‌ മരണം ആവശ്യപെടുന്നു. ജീവിതം എന്നും നിന്നോട് സമയം ആവശ്യപ്പെടാറുണ്ട്. സ്വയം മറന്നുകൊണ്ട് സ്നേഹം ആവശ്യപെടുന്ന ഇടങ്ങളിൽ ഞാൻ എങ്ങനെ ആണ് എന്നെ കണ്ടെത്തുന്നത്? യാതൊരു അവകാശങ്ങളും അധികാരങ്ങളും സ്ഥാപിക്കാത്ത, കെട്ടുപാടുകളുടെ കണ്ണിയിൽ കോർത്ത്, പരസ്പരം സ്നേഹത്തിൽ മാത്രം വിശ്വസിച്ച് കാറ്റിൽ പോലും പ്രണയം കണ്ടെത്തുന്ന നിമിഷങ്ങളെ ഒക്കെയും ഞാൻ പ്രണയിക്കുന്നു മാഷേ. നിന്നോട് എനിക്ക് ഈ നിമിഷം വല്ലാതെ പ്രണയം തോന്നുന്നു വേദ. അയാൾ ഇരുട്ടിലേക്ക് ഉറ്റുനോക്കി. കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒരു കത്ത് കിട്ടിയിരുന്നു. മേൽവിലാസം രേഖപെടുത്താൻ മറന്നതോ എന്തോ, തുറക്കാൻ മറന്ന് കൈയിൽ വെച്ചിരുന്നു. കഴിഞ്ഞ ദിവസം തുറന്നപ്പോൾ അതിലെ വാക്കുകളിൽ രക്തം ചുവച്ചു. അവ്യക്തമായിരുന്നു. പക്ഷെ മുറിവേറ്റ പക്ഷിയെ പോലെ അതെന്റെ കൈയിൽ കിടന്ന് പിടഞ്ഞു. തികച്ചും ന്യായമായ അവകാശവാദങ്ങളിൽ തലയിട്ടുരുട്ടി മരിച്ചു വീണ ഭാര്യ-ഭർതൃ ബന്ധത്തിന്റെ അവശിഷ്ടമെന്ന് മുദ്ര കുത്തിയ ഒരു കുഞ്ഞിന്റെ കരച്ചിൽ. കുടുംബം എന്തുകൊണ്ടാണ് ജനാധിപത്യവിരുദ്ധമായിട്ടും ഇന്നും നിലനിൽക്കുന്നത് എന്ന ചോദ്യത്തിനുത്തരം ഇവിടെയാണ്. അറിയാതെ വരിഞ്ഞു കെട്ടിയ മനസുകൾ, വികാരങ്ങളിൽ ഒതുങ്ങി പോയവ. എത്ര ഒക്കെ സമൂഹം മാറിയെന്നുറക്കേ വിളിച്ചു പറഞ്ഞാലും ഒരു താലി ചരട് കൊണ്ട് ഇന്നും ആരൊക്കെയോ എവിടെയൊക്കെയോ തളച്ചു കെട്ടപെടുന്നു. അതിനപ്പുറം ചിന്തകളെ പോലും ഒഴുകാൻ അനുവദിക്കാതെ പലരും. ആ കുഞ്ഞിനെ കുറിച്ച് ആലോചിക്കുമ്പോൾ, അവനോട് എന്തോ..., കൂടെ കൂട്ടിയാലോ എന്ന് ചിന്തിക്കാതെ ഇല്ല. അച്ഛനും അമ്മയ്ക്കും അപ്പുറം ഒരു വഴികാട്ടിയായ്. പക്ഷെ ആര്? എവിടെ? ഒരുപാട് ചോദ്യങ്ങൾ.... ! നിശബ്ദത നേർത്ത നെടുവീർപ്പിൽ അവസാനിച്ചു. അഭിപ്രായങ്ങൾ ഒരുപക്ഷെ തൃപ്തികണ്ടെത്താൻ മടിക്കുന്ന നേരം. നമുക്കിടയിൽ അതിന് ചേരുന്നത് മൗനം തന്നെയാണ്. ബനാറസിന്റെ ഹൃദയത്തിൽ സാരീ തിരയുമ്പോളും തെരുവുകളിൽ സ്വാദ് കണ്ടെത്തി എന്ന് അവകാശപെട്ട് ബാങ്ക് കുടിച്ചു പകൽ നക്ഷത്രങ്ങളെ നോക്കി ഇരിക്കുമ്പോളും വാദപ്രതിവാദങ്ങളിൽ മുഴുകി ഓർക്കുന്ന ദിവസത്തിന്റെ കണക്കിൽ ഒന്നായ് അതും എഴുതി ചേർക്കപെട്ടു. ആ കത്ത്, അതെനിക്ക് ഒരുത്തരം ആയിരുന്നു . ഓരോ യാത്രകളും ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നുണ്ട്. പുതിയ യാത്രകളിലേക്ക്, പുതിയ മാറ്റങ്ങളിലേക്ക്... അതിന് ഹേതുവാകുന്ന കണ്ടെത്തലുകളിൽ ആണ് മനസ്സിൽ ഓരോ കാഴ്ചകളും കുറിച്ചു വെക്കപെടുന്നത്. അങ്ങനെ തിരിച്ചു പോക്ക് ആവശ്യപെടുന്ന കുറെ അക്ഷരങ്ങൾ നിറഞ്ഞ ഒന്ന്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും തന്നെ അലട്ടിയ ചോദ്യത്തിനുള്ള ഉത്തരം. ഓരോ മനുഷ്യനും ഓരോ വൃക്ഷമാണ്. പല രുചിയിൽ, പല നിറത്തിൽ, പല ആകൃതിയിൽ, പല നീളത്തിൽ, പല ഭാവത്തിൽ....അവയുടെ പഴങ്ങളും അങ്ങനെ തന്നെ. ഇന്ന് ഇവിടെ ഗംഗയിലെ സന്ധ്യ അതിന്റെ എല്ലാ വശ്യതയോടെയും കൂടെ ആരതി അണിഞ്ഞ നേരം കുലംകുത്തി ഒഴുകിയ സംശയങ്ങളും ചോദ്യങ്ങളും തോന്നലുകളും മാറി തികച്ചും ശൂന്യമായ ക്യാൻവാസ് പോലെ മനസ് മാറുന്നത് അറിഞ്ഞു. മൺചിരാതുകളിൽ അഗ്നി പകർന്ന് മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ അവൾ അത്രമേൽ സുന്ദരി ആവുന്ന നേരം. ആളൊഴിഞ്ഞിട്ടും അവളെ ഇനിയും കേൾക്കാൻ എന്നപോലെ ഒരു വിരൽദൂരത്ത് ഞങ്ങൾ ഇരുന്നു. ജീവിതം മരണത്തിനും ജനനത്തിനും നടുക്കൊരു അർത്ഥം തിരയുന്നത്, മരണത്തോട് അടുത്ത് അത് കണ്ടെത്തുന്നത്...സ്വയം അറിയുന്നത്.. അങ്ങനെ എന്തൊക്കെയോ... ! നേർത്ത കാറ്റിനൊപ്പം വളരെ പതുക്കെ ഹൃദയം മൊഴിഞ്ഞു. നീ എനിക്കൊരു തണൽ ആണ് വേദ. ആകുലതകൾക്കിപ്പുറം തണല് തേടി ഇരിക്കാൻ എന്നും സുഖം പഴക്കമുള്ള വേരുകളാണ്. മണ്ണിലാഴ്ന്നിറങ്ങി വീണ്ടും വെളിച്ചം തേടി പുറത്തിറങ്ങിയ വേരുകൾ. തൊട്ടടുത്ത് ഒരു ചിരി വിടരുന്നതും സുഖമുള്ള ഒരു തണുപ്പ് നിറയുന്നതും അറിഞ്ഞു. ...................................................................................................................................................................................................................................................................................................................................................................................................................................................................... ഋഗ്‌വേദ് copyright protected.

Comments