മൗനവിലാപം

മൗന വിലാപം



ഇനിയുമടർന്നുവീഴാത്ത ദ്രവിച്ചുതുടങ്ങിയ മേൽക്കൂരയിലേയ്ക്കായിരുന്നു ആ കണ്ണുകളപ്പോഴും. മടുപ്പിന്റെ അറ്റത്തിലെവിടെയോ കിട്ടിയ ശക്തിയിൽ മുണ്ടിന്റെ കോന്തല അരയിലേയ്ക്കു ചേര്‍ത്ത് രണ്ടുനാളായി സ്വപ്നം കണ്ടുകിടന്ന മുറ്റത്തേയ്ക്ക് ജാലകഛായയിലൂടെയെത്തിനോക്കവേ പ്രിയപ്പെട്ടതെന്തോ കണ്ടിട്ടെന്നപോലെ ടോമി ഉറക്കെ കുരച്ചു.
 മുന്നിലുയർന്ന പുകചുരുകൾക്കൊപ്പം താഴേയ്ക്കുവീണ സിഗരറ്റിലേയ്ക്ക് സംശയഭാവേന നോക്കവേ ദൃഷ്ടിയിലൂന്ന രൂപം അയൽക്കാരൻ രാമന്റെയായിരുന്നു.
 ഇവനെന്തായിവിടെയെന്നോർത്തെടുക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും കതകുതുറന്നുകയറിവന്ന , നാളെവരാമെന്നുപറഞ്ഞ് മൂന്നുമാസം മുൻപിറങ്ങിപോയ അവനിലേയ്ക്കെന്റെ ശ്രദ്ധപാഞ്ഞു.
....'ക്ഷീണിച്ചുപോയിരിക്കുന്നു. കൈയിലെന്താ ഒരുപൊതി ? ....
 അന്ന് പോയതല്ലേ. ... പിണക്കം മാറ്റാൻ എന്തെങ്കിലുമാകും. അവന്റെ അച്ഛനുമങ്ങനെയായിരുന്നു. ഇടയ്ക്കുണ്ടാകുന്ന വാഗ്ദ്വേദങ്ങൾക്കൊടുവിൽ താൻ കരയുമെന്നാകുമ്പോഴേയ്ക്കും പറമ്പിലേയ്ക്കിറങ്ങിപോകും. ആ  വൈകുന്നേരങ്ങളിൽ വീട്ടിലെത്തുന്ന തേൻമിട്ടായിലും മഞ്ചാടികുരുക്കളിലുമലിയുമായിരുന്നു എന്റെ പരിഭവങ്ങളും . അടുത്തേയ്ക്കുവന്നെന്റെ മുഖചുളിവുകളിലവൻ വിരലോടിക്കവേയെന്റെ കണ്ണുകളെന്തോ നിറഞ്ഞിരുന്നു. 

അപരിചിതമായ ഏതോ കൈകൾക്കുള്ളിൽ ശ്വാസം വിലങ്ങുമ്പോഴും എവിടെയൊക്കെയോ മഷിയിൽമുങ്ങിതാണെന്റെ വിരലുകൾ പതിയുമ്പോഴും അവ്യക്തമായ് മുഴങ്ങുന്നുണ്ടായിരുന്നു ഇങ്ങനെ :" ചേച്ചിയറിയാതെ ഇതേ വഴിയുള്ളൂ "  മരവിച്ച ശരീരത്തിലേയ്ക്കെന്ന പോലെ ഒഴുകിയെത്തിയ കാറ്റിലാ ഡയറിത്താളുകളവനോട് സംസാരിച്ചുതുടങ്ങി. 

......അമ്മയ്ക്ക് മടുത്തുതുടങ്ങി ഉണ്ണീ..... നീയില്ലാതെ, കുഞ്ഞുമോളുടെ കുസൃതിയില്ലാതെ.... നീയും എന്തൊരു വഴക്കാളിയായിരുന്നെന്നോ...
വയ്യ മോനേ.... നീയെന്നാണ് വരിക. .. നിന്നെ കാണാതെ കണ്ണടയുമോയെന്നാണ് ഭയം..... വേഗം വരണേ മോനേ 😢 ......

Comments