മായ
മായ
-പൊലിഞ്ഞുപോയ എന്റെ ചിരിപളുങ്കിന്
ഒരു ചുമന്ന പൂവിനുവേണ്ടി ഉടുപ്പിൽ തൂങ്ങി പിറകെ നടന്ന എന്റെ അച്ചൂട്ടിയെ ആണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത്.
ഇന്നിവിടെ എന്റെ ആദ്യദിവസമാണ് . പാതിവഴിയിൽ മുറിഞ്ഞുപോയെന്നോർത്ത ഒരു സൗഹൃദം സമ്മാനിച്ച പടിവാതിൽ.
വയ്യാത്ത കുട്ടികൾക്കുവേണ്ടിയുള്ള ചാരിറ്റി പ്രസ്ഥാനം എന്നതിനേക്കാൾ മറ്റൊരു വസ്തുതയും എനിക്കറിയില്ലായിരുന്നു.
മായ! അതാണ് അവളുടെ പേര്.
ചിരിവറ്റാത്ത മുഖമുള്ള, കഥപറയുന്ന കണ്ണുകളുള്ള, കുഞ്ഞുനുണക്കുഴികളും കളികൂട്ടങ്ങളുമുള്ള കൊച്ചുസുന്ദരി.
അവൾക്കൊരുപാട് പറയാനുള്ളതിനാലാവാം സംസാരിക്കാനുള്ള തടസങ്ങളൊന്നായ് മറന്നുതുടങ്ങാൻ അവളെ പ്രേരിപ്പിച്ചത്.
എന്തൊ ഒരു തോന്നലിനു വിധേയയായി അന്നവളെ ചേര്ത്തുനിർത്തി കൂടെ കളിച്ചപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അസ്തമയം കാത്തുകഴിയുന്നൊരു പുലരിയാണാ ചിരിയെന്ന് .
റെസ്യൂമേയിൽ ചേർക്കാനൊരു വരി എന്നതിനേക്കാൾ, ഞാനവിടെ അറിയുകയായിരുന്നു എന്നിലെ നിയോഗങ്ങളിൽ ചിലതിനെ .
സൊലേസ്. സ്വാന്തനം. കാൻസർ കാർന്നെടുത്ത് മകൾ നഷ്ടപെട്ട ഒരു അമ്മയിൽ നിന്ന് ഒരായിരം കുഞ്ഞുങ്ങളുടെ താങ്ങായ ഉമ്മയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു
ഈ പ്രസ്ഥാനം.
പന്ത്രണ്ടുവർഷങ്ങൾക്കുശേഷം
ഒരു മുഖവുരയുമില്ലാതെ അവൾ; അഖില , എന്നെ ഞാനായി സ്വീകരിച്ച വിരലിലെണ്ണാവുന്ന വ്യക്തികളിലൊരാൾ. അവളുടെ നിർബന്ധമായിരുന്നു സൊലേസിന്റെ ഭാഗമാവുക എന്നത്.
മായകുട്ടി, ഒരുപാട് സംസാരിക്കാൻ കൊതിക്കുന്ന ഒരുകൊച്ചുവാവ. നാവ് അതിനവളെ സമ്മതിക്കുന്നിലെങ്കിലും വിരലുകൾ കൊണ്ടും കണ്ണുകൾ കൊണ്ടും ഒരുപാട് കഥപറയുമവൾ.
ആദ്യമേ അകന്നുനിന്നെങ്കിലും കുറച്ചു ചിരിദൂരങ്ങൾക്കിപ്പുറം കൈയ്യിൽ നിന്നും മാറാതെയായ്.
കൂടെയുണ്ട് നിഴലായൊരമ്മകിളി.
വാർദ്ധ്യക്യം സമ്മാനിച്ച അവശതകളും പ്രാരാബ്ദങ്ങളും ,അതിനേക്കാൾ ഉപരി പറഞ്ഞുകരയാൻ ഒരുതോളിലാത്തതുമെല്ലാം തെളിഞ്ഞു കാണാമായിരുന്നു ആ മുഖത്ത്.
കൂടെയുള്ള കുട്ടികളൊക്കെ അവരുടെ അമ്മമാരുടെ നേരെ ആയുമെങ്കിലും മായയ്ക്ക് ഒരു നോട്ടമകലെ മതിയായിരുന്നു അമ്മയെ. ഒരുപക്ഷേ ശീലമാവാം.
പത്മനാഭന്റെ മണ്ണിലെ പഠനകാലത്തെ കുറിച്ച് അവരോട് വർണിക്കുമ്പോൾ അവരെ സംബന്ധിച്ചിടത്തോളം ശ്രീചിത്തിര മാത്രമാണ് തിരുവനന്തപുരം.
ആറുമാസം തോറും കയറുന്ന തീവണ്ടിയാത്രയിൽ പ്രതീക്ഷകളും പരിശ്രമങ്ങളും ഒരു കൂട്ടം പ്രാർത്ഥനകളുമാണവർക്ക് .
അവർക്കുവേണ്ടി ശബ്ദമുയർത്തിയപ്പോഴും സമയംചെലവഴിച്ചുപ്പോഴുമൊന്നും
ഞാൻ എന്ന ചിന്ത കൂട്ടിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ കാലയളവിൽ അറിയാതെ
തന്നെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു മായമോളും ആ സ്ഥാപനവും എല്ലാം.
രണ്ടുവർഷം പിന്നിട്ടിരിക്കുന്നു.
ഇതിനിടയിൽ ഒരിക്കൽപോലും ഒരു കൊച്ചുമിഠായി പോലും എന്നോടാവശ്യപ്പെട്ടിട്ടില്ല
മായകുട്ടി.
മാധവും ലക്ഷ്മിയുമെല്ലാം തോളിൽ കയറാൻ വാശിപിടിക്കുമ്പോൾ മാത്രം എന്നെ ഇറുകിപിടിക്കും.
താഴെ ഇരുന്ന് മൂന്നുപേരെയും ദേഹത്തുകയറ്റുമ്പോൾ പൊട്ടിചിരിക്കുവൾ.
അന്നാദ്യമായാണ് അച്ഛൻ അവിടേയ്ക്ക് കൂടെവരുന്നത്.
"നിനക്കുചിതമായത്
നീ ചെയ്യൂ. ആലോചിച്ചുമാത്രം" എന്നുപറയുന്ന അച്ഛനും " എന്നോട് ഒന്നും പറയേണ്ട. അച്ഛനോട് ചോദിക്കൂ " എന്നുപറയുന്ന അമ്മയും , എനിക്ക് ലഭിച്ച ഏറ്റവും സുന്ദരമായ സമ്മാനങ്ങൾ.
അച്ഛന്റെ പിറന്നാളായിരുന്നു അന്ന്.
എല്ലാവരോടും സംസാരിച്ചു വരുന്നതിനിടയിൽ എന്തോ ആ മുഖത്ത് സങ്കടം
നിറയുന്നത് കണ്ടു.
മായകുട്ടിയേയും കൂട്ടി ആ കൈകളിൽ ചേര്ത്ത് പിടിച്ചപ്പോൾ, മധുരമുള്ളൊരു മുത്തം തന്നു നെറ്റിയിൽ.
എനിക്കും വേണം എന്ന ഈണത്തിലാവാം മായമോൾ "ചേ.... നിച്ചും " എന്നുപറഞ്ഞത്.
എന്തോ ഞാൻ കൊടുത്ത മുത്തമൊന്നും പോരാത്ത പോലെ അവൾ ആദ്യമായ് സങ്കടപ്പെട്ടു.
ഒരിക്കൽപോലും കാണാത്ത തന്റെ അച്ഛനെ ഓർക്കുന്ന ആ ബാല്യത്തിനുമുൻപിൽ അന്നവിടെ ഉരുകിയിറങ്ങുകയായിരുന്നു
.
ഒരുമാസം കഴിഞ്ഞുള്ള സർജറിയ്ക്കുമുൻപായി അവളുടെ അച്ഛനെ കൊണ്ടുവരും എന്ന വാക്ക് കൊടുത്തപ്പോൾ ആ മുഖത്ത് തെളിഞ്ഞചിരിയ്ക്ക്
ഒരു സൂര്യോദയത്തിന്റെ ശോഭയുണ്ടായിരുന്നു .
അമ്മ പറഞ്ഞ ചില സൂചനകളുടെ ചുവടുപറ്റി അന്ന് കുറേ സുഹൃത്തുക്കളെ കൂട്ടി അന്വേഷിച്ചെങ്കിലും ആകെ കിട്ടിയത് ഒരു ഫോട്ടോ മാത്രമായിരുന്നു .
അമ്മചൂടുപറ്റി ഉറങ്ങുന്ന മായകുഞ്ഞിനും ഉറക്കമേൽക്കാത്ത അവളുടെ അമ്മയ്ക്കും പക്ഷേ അതുപോലും വലിയൊരാശ്വാസമായിരുന്നു .
ആശുപത്രിവാർഡിലെ ഓരോ ദിവസങ്ങളിലും ആ മുഖത്തെന്നും ഒരു
പ്രതീക്ഷയുണ്ടായിരുന്നു
. ഒരുപക്ഷേ അവൾ അത്രമേൽ എന്റെ വാഗ്ദാനം കണക്കിലെടുത്തിലിക്കണം .
അടഞ്ഞുപോകുന്ന ആ കൺപോളകളാണ് ഒരിക്കൽകൂടി
പൊള്ളാച്ചിയിലേയ്ക്ക്
പോകാൻ എന്നെ നിർബന്ധിതയാക്കിയത്.
ആദ്യമായ് കൊടുത്തൊരു വാക്ക് എന്നതിലപ്പുറം മായമോളുടെ ചിരിയായിരുന്നു മനസിലപ്പോൾ. ഏട്ടൻമാരോടൊപ്പം നടത്തിയ തിരച്ചിലിനൊടുവിൽ അവളുടെ അച്ഛനെ കണ്ടെത്തിയപ്പോൾ എന്തോ പറഞ്ഞയറിക്കാനാവുമായിരുന്നില്ല
ആ നിമിഷം.
ഒരുപാട് സംസാരങ്ങൾക്കൊടുവിൽ അയാളുമായി യാത്ര തിരിക്കുമ്പോൾ മായമോളായിരുന്നു മനസുമുഴുവൻ.
മോൾടെ അച്ഛയാണ് എന്നുപറഞ്ഞ് മുന്നോട്ടു നിർത്തുമ്പോൾ അയാളെ തന്നെ ഉറ്റുനോക്കികൊണ്ട് ശോഷിച്ച വിരലുകൾ അനക്കി എന്തോ പറയാനൊരുങ്ങുകയായിരുന്നു അവൾ.
തൊണ്ടയിൽ കുരുങ്ങിനിലച്ച ഒരു ശ്വാസത്തിനപ്പുറം കണ്ണീരിറ്റുന്ന ചിത്രമായവൾ മാറിയപ്പോഴേയ്ക്കും കാഴ്ച മറഞ്ഞിരുന്നു എന്റെ കണ്ണിലും.
എങ്കിലും ഹൃദയമെന്തോ ആശ്വസിപ്പിച്ചു, പൂർത്തിയാക്കിയ ആ വാഗ്ദാനം പോലെ.
❤️❤️❤️
ReplyDeletethankyou for the love
Delete❣️❣️
ReplyDelete<3
Delete